വിശപ്പ്
അമ്മത്തൊട്ടിലിന്റെ വാതിൽക്കൽ
വെള്ളതുണികളിൽ പൊതിഞ്ഞു ..
മുലപ്പാൽ നിഷേധിക്കപ്പെടുന്ന
കുഞ്ഞിന്റെ നിലവിളിയാണ്
ആദ്യത്തെ വിശപ്പ്...
തട്ടിയെടുക്കപ്പെടുന്ന ബാല്യങ്ങൾ തെരുവോരങ്ങളിൽ ഒട്ടിയ
വയറുമായി കൈനീട്ടി കേഴുന്നു..
അത് വിശപ്പാണ്.!!!
ഭിക്ഷ..ഒരേ പാത്രത്തിൽ കുഴച്ചഞ്ചു വയറുകൾ പകുതെടുക്കുന്നതും..
ഒട്ടും നിറയാതെ കണ്ണു നനയുന്നതും
വിശപ്പിനാലാണ്.!!
പളുങ്ക് പാത്രങ്ങളിൽ ബാക്കിയാവുന്ന
ഭക്ഷണ കൂമ്പാരങ്ങൾ വിശപ്പല്ല..
കണ്ണാടികൂട്ടിനപ്പുറം അത് നോക്കി
നിറയുന്ന കണ്ണുകളിലാണ് വിശപ്പ്.. വെള്ളമൂറുന്ന നാവിലാണ് രുചി..
ആഘോഷങ്ങളിൽ നിരത്തപ്പെടുന്ന
ഭക്ഷണങ്ങളുടെ ഘോഷയാത്ര
വെറും കൺകെട്ടു മാത്രമാണ്..
എച്ചില്പുറങ്ങളിൽ..ഒരുമയോടെ
പങ്കിട്ടു നിറയുന്ന മനസുകളിലാണ്
യഥാർത്ഥ ആഘോഷം..
നാലുനേരം നിറയുന്ന വയറുകളിൽ
വിശപ്പെന്നാൽ ആഡംബരമാണ്...
നേരം നോക്കാതെ പാതി
നിറയുന്ന ഉദരങ്ങളിൽ..
അതൊരു പ്രാർത്ഥനയാണ്..കണ്ണീരാണ്..
വറുതിയുടെ വാർദ്ധക്യങ്ങളിൽ..
നാളെയുടെ വർണ്ണചിത്രങ്ങളില്ല..
ഇവിടെ...നിറയുന്ന വയറുകളിൽ
ഇന്നിന്റെ കണക്കുകൾ
അസ്തമിക്കുന്നു...
അലസരായ ദുർമേദസ്സുകൾ
ഇവിടെ ഇന്നന്ധരാണ്..
വിശപ്പിന്റെ "നിലവിളി" അവർ കാണില്ല..കേൾക്കില്ല..!!
ചില്ലുജാലകങ്ങൾക്കുള്ളിൽ...
ഇനിയും നുരപതയും..
പളുങ്കുപാത്രങ്ങളിൽ
വിഭവങ്ങൾ നിറയും..
അരവയറിന്റെ തേങ്ങലുകൾ
ആരുമറിയാതെ കാറ്റിലലിയും.
കണ്ണീർത്തുള്ളികൾ മാത്രമെന്നും
മണ്ണിൽ മറയും...
ശുഭം..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ