2017 മാർച്ച് 7, ചൊവ്വാഴ്ച

അച്ഛൻ

കളഞ്ഞു പോയതും
കൊഴിഞ്ഞു പോയതും..
ദൈവം തിരിച്ചു തരുമെങ്കിൽ
ഞാനാദ്യം അച്ഛനെ
ചോദിച്ചേനെ...

ഒരു രാന്തൽവിളക്കുമായി
മുന്നേ നടന്നെന്നെയീ സ്വപ്നഭൂവിൽ കൊണ്ടെത്തിച്ച എന്റെച്ഛനെ.

സ്നേഹത്തിന്റെ
മധുരം മാത്രം നുണഞ്ഞ
കുട്ടിക്കാലവും
മുന്നിൽ നില്ക്കാൻ
മുട്ട് വിറച്ച വികൃതിനിറഞ്ഞ
കൗമാരവും..
തോളോട്തോൾ ചേർന്ന്
എന്റെ ശരികൾക് മിണ്ടാതെ
തലയാട്ടി അനുവാദം തന്ന
യൗവനവും...

ഭയക്കാതെ ഭയന്നും..
ചിരിക്കാതെ ചിരിച്ചും..
കരയാതെ കരഞ്ഞും..
ഒരുമിച്ചു നടന്നു..
ഒരുപാടു കാലം ഒരുപാട് കാതം..

പിടികൊടുക്കാതിരുന്നിലൊരിക്കലും..
കാലിൽവീണു കരഞ്ഞിലൊരിക്കലും..
എങ്കിലും..ശാസനകൾ തലോടലിൽ പൊതിഞ്ഞു പെയ്യവേ..ഉരുകി തീരുന്ന
മെഴുതിരിയായി ഞാൻ...

വേഷം മറന്നു പകച്ചു
ഞാൻ നിന്നപ്പോഴും..
രംഗം പിടിച്ചെടുത്തതെന്നും
ഈ അച്ഛനായി..
രംഗബോധമില്ലാത്ത കോമാളിയായി കളമൊഴിഞെങ്കിലും..
ഓർമകളിൽ ഒരു നായകൻ
അതിന്നുമെൻ അച്ഛൻ മാത്രമായ്..

ഇടിച്ചുകുത്തിപെയ്ത പേമാരിയായും...
സ്വച്ച്ഛമായൊഴുകുന്ന തേനരുവിയായും.. പെയ്തൊഴിഞ്ഞുപോയെങ്കിലും..
അലകൾ അടങ്ങുന്നില്ല..
മനസ്സിൽ..വേദനകൾ ഉറങ്ങുന്നില്ല..

ഇനിയും വഴികളെറെ..
താണ്ടുവാനുണ്ടെങ്കിലും..
ഇനിയൊരു യാത്രപറയാതെ
അകന്നു പോയെങ്കിലും..
ബലികല്ലിൽ ഉരുട്ടി
കൈകൊട്ടുമ്പോഴൊക്കെയും
മുന്നിൽ തെളിയുന്നത്‌..
അച്ഛനെന്ന സത്യം മാത്രം..
കണ്ണിൽ രണ്ടിറ്റ് കണ്ണീർ മാത്രം..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ