2017 മേയ് 26, വെള്ളിയാഴ്‌ച

പ്രേമകള്ളു

മതി ഇനി നുണയണ്ട എന്ന്
കരുതി..കുടുക്കേലിട്ട്.. വായും മൂടിക്കെട്ടി...
എത്താ കയ് ഉയരത്തിൽ..
ഉറി മേലെ കെട്ടി വച്ചാലും...
രാത്രിയിലെ ഇരുട്ടിലത് പുളിച്ചു പുളിച്ചു..പതഞ്ഞൊരു..
നുരയലുണ്ട്...നുരഞ്ഞൊരു തുളുമ്പലും...

രണ്ട് കൈയും ചേർത്തു തുളുമ്പിയ തുള്ളികൾ മോന്തി കുടിച്ചുമത്തായി..
നിക്കാനും ഒരു സുഖവുമുണ്ട്....
അതാണ് ഈ കോപ്പിലെ പ്രണയം...
നിലയ്ക് നിക്കാനും പറ്റൂല
നിന്നാൽ ഒരു സമാധാനവും തരൂല..
അധികം നുണയാനും പറ്റൂല
നുണഞ്ഞാ..നിർത്താനും പറ്റൂല...

2017 മേയ് 12, വെള്ളിയാഴ്‌ച

അങ്ങനെ ആയിരിക്കാം..

അങ്ങകലെ കൊടുങ്കാറ്റും
പേമാരിയും ഉണ്ടായിരിക്കാം...
ഊതികാച്ചിയ സ്വപ്‌നങ്ങളതിൽ ഒഴുകിപോയിരിക്കാം..

എല്ലാം കത്തിയെരിക്കാൻ
ഒരു കാട്ടു തീ പടർന്നിരിക്കാം...
കാത്തുസൂക്ഷിച്ച  മോഹങ്ങളതിൽ എരിഞ്ഞു പോയിരിക്കാം..

കൈകൾ മരവിച്ചു പോകുന്ന
മഞ്ഞു പെയ്യുന്നുണ്ടാവാം..
നിന്റെ പ്രേമം ജനിച്ച ഹൃദയം അതിൽ മരവിച്ചു പോയിരിക്കാം..

വരിഞ്ഞുകെട്ടിയ ചങ്ങലകൾ മുറുകുന്നുണ്ടാവാം.
യാത്രപറയാനൊരുങ്ങിയ
കൈകളതിൽ ഞെരിഞ്ഞു മുറിഞ്ഞിട്ടുണ്ടാവാം...

ഒരുപക്ഷെ..എല്ലാം ഉള്ളിലൊതുക്കി 
നീ ഒരു നെരിപ്പോടായെരിയുന്നുണ്ടാവാം..

2017 മേയ് 9, ചൊവ്വാഴ്ച

വെയിൽ

പുഴക്കൊന്നു പൊട്ടികരയണമെന്നുണ്ട്
പൊഴിക്കാൻ കണ്ണീരു പോലും
ബാക്കിയില്ലാതെ മെലിഞ്ഞു പോയിരിക്കുന്നു പാവം

മഴ മൊഴിചൊല്ലിപിരിഞ്ഞു
പോയിരിക്കുന്നു
ഇളംകാറ്റിനു പോലും
ഇരുണ്ട മൗനഭാവം മാത്രം..
സൂര്യന്റെ രൗദ്രഭാവത്തിൽ
കരിഞ്ഞുതീരുകയാണ്
വിരിയാൻ വെമ്പിയ
തളിരുകളെല്ലാം..

പകലിന് ഇന്ന് ചിതയുടെ ചൂടാണ്..
പുഴുക്കൾ പോലും ചോരവറ്റി
മരണത്തെ പുല്കുന്നു..
വരണ്ട പാടങ്ങളിൽ
സ്‌മാരകശില പോലെ കാലികൂട്ടങ്ങൾ..
പഴതുണിയിൽ വിധിയെ പഴിക്കുന്ന ദരിദ്രദേഹങ്ങൾ..
വറ്റിയ പുഴയുടെ ആത്മാവിനെ
തേടിപ്പോയ പക്ഷികൾ..
തളർന്നു വീണു പിടയുന്നു..
ഇളംകാറ്റു വീശാൻ വെമ്പിയ
ചില്ലകൾ പോലും
ഒടിഞ്ഞു വീണു ഭൂമിയെ മുത്തുന്നു..