ഇടറിയ മനസ്സിലെ,
നൊമ്പരങ്ങൾ ശ്രുതി
ചേരത്തോരു ഗീതം പാടി..
രാഗം - ശോകം
ആദ്യ സ്വരത്തിൽ ജന്മം
കനിഞ്ഞു നല്കിയ
അനാഥത്വത്തിന്റെ തേങ്ങലായിരുന്നു
പിന്നെ, കൊതിച്ചെങ്കിലും
വിധിയുടെ പകിടകളിൽ
തോറ്റുപോയ മാതൃത്വത്തിന്റെ
നീറ്റലായിരുന്നു..
മൂന്നാം സ്വരം – ചിന്തയുടെ
മാറാലയിൽ കുരുങ്ങി,
ശ്വാസംമുട്ടി കേഴുന്ന മനസ്സിന്റെ
ഉൾവിളി ആയിരുന്നു..
ബന്ധനങ്ങളുടെ അഴിയാത്ത
ചങ്ങലകളിൽ കുടുങ്ങിയ
ഒരു പാഴ്ജന്മത്തിന്റെ
ദീനരോദനമായിരുന്നു നാലാം സ്വരം
പറയാനാവാത്തൊരു പറ്റം
കൊച്ചു സ്വകാര്യ ദുഖങ്ങളുടെ
കളികൊഞ്ചലായായിരുന്നു അഞ്ചാം സ്വരം
സ്വപ്നങ്ങളുടെ പൂമാല
ചാർത്തി പുളകം കൊണ്ട്
മരവിച്ച ഹൃദയത്തിന്റെ
ആട്ടഹാസമായിരുന്നു ആറാം സ്വരം
മരണത്തിന്റെ കരാളമാം
കൈത്തണ്ടയിൽ കുരുങ്ങിയമർന്നൊരു
ജന്മത്തിന്റെ മൂകമാം
തേങ്ങലായിരുന്നു ഏഴാം സ്വരം