2017 ഓഗസ്റ്റ് 14, തിങ്കളാഴ്‌ച

നിനയ്ക്കാത്ത ഭാഗ്യങ്ങൾ

നിനയ്ക്കാത്ത ഭാഗ്യങ്ങൾ...

ചില സത്യങ്ങൾ അങ്ങനെ ആണ്....
തിരിച്ചറിയാൻ പോലും വിവേകം അനുവദിക്കാത്ത വിധം ക്രൂരമാണത്...

കൈവിട്ടു കളഞ്ഞതിന്റെ
ലജ്ജ പാപഭാരത്തിന്റെ
മീസാങ്കല്ല് പോലെ
നെഞ്ചിൽ കനപെട്ട് നില്കുന്നു...

ഒന്ന് ഓര്മിക്കുവാൻ പോലും മറന്ന..ഭൂതകാലത്തിൽ നിന്നും...
ഒന്നും മറക്കാൻ പറ്റാത്ത വർത്തമാനത്തിൽ എത്തി
നില്കുമ്പോൾ...
നിസസഹായമാം വിധം..കുറ്റബോധത്തിന്റെ ചങ്ങലകൾ കുരുക്ക് തീർത്തിരിക്കുന്നു..

കാഴ്ച മറന്ന കാലത്തു കൊത്തി വച്ച സമാധാനത്തിന്റെ വെണ്ണക്കൽ ശില്പങ്ങൾ എന്നോ
ഉടഞ്ഞുപോയിരിക്കുന്നു...
ഒട്ടിച്ചേർത്തു വച്ച് ആ അഴകിന്റെ ചാരുത നുകരാൻ പറ്റാത്ത വിധം
കാലവും ക്രൂരനായിരിക്കുന്നു..
നിന്റെ രാജശില്പി ഞാനല്ലാ തായിരിക്കുന്നു...

ഓർമയിൽ  പൊടി പടരാതെ..സൂക്ഷിച്ച ഒരു മുഖചിത്രം...
ഇന്നതിന്റെ കണ്ണുകൾ കലങ്ങിയിരിക്കുന്നു...
ഇമകൾക്ക് ചുറ്റും കറുത്തിരുണ്ടിരിക്കുന്നു...
പളുങ്ക് കവിളുകളിൽ ചുളിവുകൾ
വീണിരിക്കുന്നു....
അശേഷം മെലിഞ്ഞിരിക്കുന്നു....

എങ്കിലും...ഒരു നറു പുഞ്ചിരിയിൽ ഒളിപ്പിച്ച
കുസൃതികൾ...
കാലത്തിനിപ്പുറവും ഒരു
ബാല്യത്തിന്റെ ആയുസ്സു തേടുന്നു...
നിനക്കാതെ കണ്ട കാഴ്ച്ചയിൽ...ഒരു നിമിഷമെങ്കിലും..മോഹങ്ങൾ
ഭാഗ്യത്തിന്റെ കനിവ് തേടുന്നു...

ചില ഭാഗ്യങ്ങൾ അങ്ങിനെയാണ്..
അനുഭവിക്കാനുള്ള യോഗം തരാതെ
നക്ഷത്രങ്ങളെ പോലെ വന്നു മിന്നിമായും...