സ്മരിക്കപ്പെടാത്ത ഇഷ്ടങ്ങളുടെ
മേലെ മുല്ലവള്ളി
പടർപ്പുകൾആവരുത്...നീ
വിടരുവാൻ മൊട്ടുകൾ
ഏറെയുണ്ടാവും
പടരുവാൻ മോഹവും
എന്നാലും ഞരമ്പിലെ
ചോരവറ്റി മരിക്കാനാവും
ഒടുക്കം വിധി..
ചുവന്ന മണ്ണിൽ..പെരും മഴയിൽ..
വിത്തുകൾ മുളച്ചു പൊങ്ങും...
തളിരുകൾ ഇതളണിയും..
പുലരികൾ മഞ്ഞു പുതയ്ക്കും...
നിന്റെ ഇലകളിൽ തുളുമ്പിയ..
ജലകണങ്ങളിൽ
മഴവില്ലിൻ നിറങ്ങൾ വിടരും..
നറു മൊട്ടുകൾ ചിലത്
വിരിഞ്ഞെന്നിരിക്കും...
മണ്ണിനെ മുത്തി അവ
പുഞ്ചിരിച്ചെന്നിരിക്കും...
കിളിർത്തു പൊങ്ങുന്ന കുഞ്ഞുകൈതളിരുകൾ
പിച്ചവെക്കാൻ താങ്ങു
തേടിയെന്നിരിക്കും...
ഓർമ്മകൾ മറന്ന..
ചിതലുകൾ പടർന്ന..
മനസ്സിന്റ മതിലുകൾ
പടർന്നുപന്തലിക്കാൻ
നിന്നെ മാടിവിളിക്കും...
ഊഷരമായ കരിങ്കൽ
ചീന്തുകൾ സ്നേഹം നടിച്ചു
നിന്നെ വാരിപുണർന്നു
ശ്വാസംമുട്ടിക്കും...
കൽപാളികളുടെ മൂർച്ചകൾ..
ബലിഷ്ടമാം ആലിംഗനങ്ങളാൽ
നിന്നെ മുറിവേല്പിക്കും...
മുറിവിലൂടൂർന്നൊഴുകിയ..
രക്തചാലുകൾ...
നീ പോലുമറിയാതെ
വറ്റി ഉണങ്ങുന്ന നാഡീഞരമ്പുകൾ...
വരണ്ടു കരിയും..
പടരാൻ വെമ്പിയ നിന്റെ.. വള്ളിപ്പടർപ്പുകൾ..
കണ്ണീർ പൊഴിക്കും..
വിടരാതെ കൂമ്പിയ..
മുല്ലമണി മൊട്ടുകൾ...