2022 ഡിസംബർ 22, വ്യാഴാഴ്‌ച

കവിത 2002

ഇടറിയ മനസ്സിലെ,
നൊമ്പരങ്ങൾ ശ്രുതി
 ചേരത്തോരു ഗീതം പാടി.. 
രാഗം - ശോകം 

ആദ്യ സ്വരത്തിൽ ജന്മം
കനിഞ്ഞു നല്കിയ 
അനാഥത്വത്തിന്റെ തേങ്ങലായിരുന്നു 
പിന്നെ, കൊതിച്ചെങ്കിലും 
വിധിയുടെ പകിടകളിൽ
തോറ്റുപോയ മാതൃത്വത്തിന്റെ 
നീറ്റലായിരുന്നു.. 
മൂന്നാം സ്വരം – ചിന്തയുടെ 
മാറാലയിൽ കുരുങ്ങി,
ശ്വാസംമുട്ടി കേഴുന്ന മനസ്സിന്റെ 
ഉൾവിളി ആയിരുന്നു.. 
ബന്ധനങ്ങളുടെ അഴിയാത്ത 
ചങ്ങലകളിൽ കുടുങ്ങിയ 
ഒരു പാഴ്ജന്മത്തിന്റെ 
ദീനരോദനമായിരുന്നു നാലാം സ്വരം 
പറയാനാവാത്തൊരു പറ്റം 
കൊച്ചു സ്വകാര്യ ദുഖങ്ങളുടെ 
കളികൊഞ്ചലായായിരുന്നു അഞ്ചാം സ്വരം 
സ്വപ്നങ്ങളുടെ പൂമാല 
ചാർത്തി പുളകം കൊണ്ട്
മരവിച്ച ഹൃദയത്തിന്റെ 
ആട്ടഹാസമായിരുന്നു ആറാം സ്വരം 
മരണത്തിന്റെ കരാളമാം 
കൈത്തണ്ടയിൽ കുരുങ്ങിയമർന്നൊരു 
ജന്മത്തിന്റെ മൂകമാം 
തേങ്ങലായിരുന്നു ഏഴാം സ്വരം

2022 സെപ്റ്റംബർ 10, ശനിയാഴ്‌ച

for vineet

വെറുതെ മൂളിയ പാട്ടൊരു മധുരമായി...
പ്രണയമായി...
നിന്നെ തേടി വരികയോ...?

താനേ തളിർത്ത
പൂക്കളിൽ..
സ്വപ്നങ്ങളും
മഴവില്ലായി മാറിയോ..

ഇമകൾ അടയുന്ന ഇരുളിലും...
നീ
പുതുപുലരിയാകുമോ..
സ്നേഹമേ.....
നോവ് പടരുന്ന മുറിവിലും..
നീ പനിമലരാകുമോ
മോഹമേ...

നീ ഒഴുകി മറയുന്ന പുഴയാകിലും...
ഞാൻ കളിയോടമായെന്നും ചാരെയായി....
നാമോഴുകി അണയുന്ന
തീരമൊരു
ചെറുപുൽകൂട് മേയുമോ..

2022 ഓഗസ്റ്റ് 27, ശനിയാഴ്‌ച

Rani ജയ്

ഓരോ കല്ലിലും ഒരായിരം ഓർമ്മകൾ കോറി വരച്ചുവെച്ച ആ സുന്ദരമന്ദിരം...

ഓരോ ചുവടിലും ഒരായിരം മധുരം പകർന്നു നൽകിയ സരസ്വതി മന്ദിരം..

ജീവിതത്തിൻ്റെ ഏതോ കോണിൽ അകന്നു
നിൽകുമ്പോളും..
ജയത്തിൻ്റെ നംഗൂരം 
ആഴ്‌ന്ന് നിർത്തിയ 
സുവർണ ഭൂമിയിൽ
മനസ്സാൽ ഒരു നൂറു പ്രദക്ഷിണം ചെയ്യുന്നു നാം...

കാണാമറയത്ത് ആണെങ്കിലും..
മനസ്സുമുടലുമായി നാം..
ആ മണൽ തരികളിൽ
ഇന്നലിഞ്ഞലിയവെ... 
ഓർമകളുടെ ചങ്ങലകൾ നമ്മിൽ.. കോറി വലിഞ്ഞു ചോരയുടെ കണ്ണീർ
ചാലു കിനിയുന്നു...

നീണ്ട വരാന്തകളിൽ...
തുറന്ന വിഹായസുകളിൽ...
അലഞ്ഞു നടന്ന ആ കാലത്തിൻ്റെ മധുരത്തെ....
ഇന്നെന്ന ദിവസത്തിൻ്റെ
മേമ്പൊടിയിൽ 
ഒന്നൂടെ നുകർന്നു
നിർവൃതി പൂണ്ടുനാം

അരികിലും.. അകലത്തുമായി..
ഓർമകളുടെ സുഗന്ധവും..

നാമെന്ന പൂമൊട്ടുകൾ
വിരിയുവാനായിരം പുലരിയും..

കാലം ഒരു കവിത പോൽ...
നമ്മളിൽ സംഗീതമായി...

നരവീണ യൗവനം തേടുന്നു..
പുതിയൊരു വസന്തവും.....

2022 ജൂലൈ 5, ചൊവ്വാഴ്ച

നിന്റെ മൗനം

മൗനം..മറവിയുടെ
മൂടുപടം അണിഞ്ഞു
പലദൂരം താണ്ടി കഴിഞ്ഞു...
വാചാലമായ ഭൂതകാലം
ഇനി ഓർമകളുടെ
ചുവർചിത്രം മാത്രമാകും.

ഇനി പുതിയ മേച്ചിൽപുറകാഴ്ചകൾ
കണ്ണുകൾക് നിറങ്ങളേക്കും..
മറന്ന നിറകാഴ്ചകളിൽ
ക്ലാവ് പടരും..മാറാല പൊതിയും..

ബന്ധങ്ങൾ ബന്ധനങ്ങളായി..
കൈവിലങ്ങുപോൽ മുറുകുമ്പോൾ...
ഈറനണിഞ്ഞു മുറിവിൽ
നീറ്റുന്നത് ഉപ്പാർന്ന
കണ്ണീർ തുള്ളികൾ..

മുള്ളുകൊണ്ടു നടന്ന
പാതയോരത്തെ വഴി
വിളക്കുകൾ അണഞ്ഞു..
മഞ്ഞിൻ കുളിർക്കൊണ്ടു
കണ്ട പോക്കുവെയിലും മാഞ്ഞു..
ഓർമകളുടെ കയ്യൊപ്പു
പതിഞ്ഞ പുസ്തകതാളും
പതുക്കെ അടഞ്ഞു.

മറക്കാൻ മടിച്ച..
ഒരുപിടി മോഹങ്ങളെ..
നേരിന്റെ ചിതയിലേക്കെറിഞ്ഞും..
മനസ്സിന്റെ നിർവൃതിക്കായി
ഒരുപിടി ബലിചോറുനേർന്നും..
കനലെരിയുന്ന തീപാതയിൽ ഒരു
ചെറുനെടുവീർപ്പുമായി..
യാത്ര തുടരുന്നു ഞാൻ...