2017 മാർച്ച് 3, വെള്ളിയാഴ്‌ച

കർത്താവിന്റെ മകൾ

കർത്താവിന്റെ മകൾ..

ഇനി പള്ളിമണികൾ വരെ
ലജ്ജയോടെ തലതാഴ്ത്തും..
ചില്ലുകൂട്ടിലെ മാതാവ്
മുഖം പൊത്തി കരയും..
ഓശാനയുടെ ഒലിവിലകൾ കരിഞ്ഞുണങ്ങും...
കുഴിമാടങ്ങളിലെ പ്രേതങ്ങൾ
വരെ ആസ്വസ്ഥരാകും..

പതിനാറിന്റെ കണ്ണീരിൽ,
കാട്ടാളന്റെ ബീജം
കുതിർന്നുണ്ടായ ദിവ്യഗർഭം...
കുമ്പസാരകൂടിനെ കാമ
ഭ്രാന്തിന്റെ മണിയറയാക്കിയ
ദിവ്യകുർബാന..
ഒടുക്കം കരയാൻ പോലും
മറന്നു അമ്മയായ പെൺകൊടീ-
നീ തെറ്റുകാരി..
നിന്റെ തെറ്റ് ഓലചർത്തിയൽ
എഴുതിത്തന്നു ആ ഇടയലേഖനങ്ങൾ.

"പിതാവിൽ" നിന്നും പിതാവിലേക്കു
ചാർത്തി കൊടുത്തു നിന്റെ
കുഞ്ഞിൻ പിതൃത്വം..
കുഞ്ഞേ നിന്റെ മാതൃത്വം മൂകമായി
കണ്ണീർ വാർക്കുക...
നീ സഹിച്ച വേദനകൾക്ക് ശബ്ദമില്ല,
അത് കണ്ണേണ്ട കണ്ണുകൾക്ക് കാഴ്ചയില്ല..
കരയുന്നത് നീയും, നൊന്തു പെറ്റ
കുഞ്ഞു മാത്രം..
കണ്ണീർ തൂകുന്നത് നിനക്കു വേണ്ടി
ഞങ്ങൾ മാത്രം...
നിന്റെ പേറ്റുനോവിന് കാവൽ നിന്ന
"സോദരി"കളിന്നും കുർബാന കൂടും,
മെഴുതിരിതെളിക്കും..
വെളിച്ചത്തെ വെറുത്ത നിൻ
മുഖം, കയ്യാൽ മറച്ചു,
നീ മാത്രം വിതുമ്പി കരയും..

ക്രൂരതയുടെ ആൾരൂപങ്ങൾ ഇനിയുംവിശുദ്ധരാക്കപ്പെടും..
നീതിപീഠത്തിലെ കണ്ണുകെട്ടിയ
സ്ത്രീ ഇനിയും മാനഭംഗപ്പെടും..
കറപുരണ്ടകൈകളെ..
"ആളൂരു"കൾ കഴുകികൊടുക്കും..

കുഞ്ഞേ നിന്റെയൊപ്പം വേദന
പങ്കിടാൻകുരിശേരിയ ദേവൻ മാത്രം
തല താഴ്ത്തി കരയുന്നു മൂകം..

ശ്രീ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ