പൊളിച്ചെഴുത്തുകൾ..
മാറ്റം അതൊന്നു മാത്രമാണ്
മാറാത്തത് എന്നത് പഴമൊഴി...മാത്രമാണ്..
മാറ്റിഎഴുതപ്പെടുന്നത് പോലും
അറിയാതെ നാം മാറിപോകുന്നു..
ഒരുമയുടെ കൗമാരങ്ങളിൽ നിന്ന് വലിച്ചെറിയപ്പെടുന്നത് യൗവനത്തിന്റെ ഒറ്റപ്പെട്ട തീഷ്ണതയിലേക്കാണ്..
അതിന്റെ ബാലിശതകൾ മാറ്റി എഴുതപ്പെടുന്നത് ലക്ഷ്യബോധത്തിന്റെ അനിവാര്യതയിലേക്കാണ്...
തന്നും കൊണ്ടും അനുഭവിച്ച
സ്നേഹവും കരുതലുമൊക്കെ പകർന്നുകൊടുക്കപ്പെടുമ്പോൾ..
മാറ്റിവരക്കപ്പെടുന്നത് നമ്മളിലെ
നമ്മെ തന്നെയാണ്..
പ്രായം ചവിട്ട്പടികൾ കയറിപോകുമ്പോൾ..
ഉലയിൽ ഉരുകി കനക്കുന്നത്
ഹൃദയത്തിന്റെ കാരിരുമ്പാണ്..
വാവിട്ട്കരഞ്ഞ കാലത്തിൽ നിന്ന് കണ്ണീരൊതുക്കി കരയാൻ
പഠിച്ചതു പോലും മാറ്റത്തിന്റെ സൂചനകളാണ്..
യൗവനത്തിന്റെ ചടുലതകളിൽ നിന്നു നീന്തികയറുന്നത് പൗരുഷത്തിനെ ക്രമപെടലുകളിലേക്കാണ്...
പകർത്തിയെഴുതപ്പെടുന്നത്..മധുരമുള്ള ജീവിതകാവ്യങ്ങളാണ്...
വസന്തകാലത്തെ അലസസ്വപ്നങ്ങൾ നിറം മാറി കടുക്കുന്നത് നാളെയുടെ ആകുലതകളിലേക്കാണ്.
ഉരുണ്ടുകൂടുന്നത് ഭാവിയുടെ കാർമേഖങ്ങളാണ്...
ഇല്ലായ്മയുടെ മുൾവേരുകൾ അറുത്തുമാറ്റി
കാലടികൾ വെക്കുന്നത് സൗഭാഗ്യത്തിന്റെ
പതുത്തപരവതാനിയിലേക്കാണ്...
മാറുന്നതിവിടെ ജീവിതത്തിന്റെ നിറഭേദങ്ങളാണ്..
കണ്ണടയുന്നത് നഷ്ട സൗഭാഗ്യങ്ങളുടെ വേദനമറക്കാൻ മാത്രമല്ല..
ഇറുക്കിതുറന്നു നാളെയെന്ന
സത്യത്തോട് പൊരുതുവാൻ വേണ്ടികൂടിയാണ്..
പോരാളിയുടെ വീറു തെളിയിക്കാൻ കൂടിയാണ്..
ബാല്യത്തിലെ കൊലുമിട്ടായികൾ വാര്ധക്യത്തിലെ കഷായകൂട്ടുകളായി രുചിമാറിപോകുന്നു..
കൂട്ടായ്മയുടെ കളിചിരിക്കാലം ഓടി കയറുന്നത് ..ഒറ്റപ്പെടലിന്റെ ഏകാന്തതയിലേക്കാണ്..
കാട്ടുകുതിരയുടെ വീറോടെ ഓടി കിതച്ചെത്തുന്നത്
പട്ടടയിലേക്കു ഒരുങ്ങുവാനാണ്..
നാം പൊളിച്ചെഴുതപ്പെടുന്നത് ഒരിക്കലല്ല.. ഒരുപാടുവട്ടം..ദിക്കുകളിൽ മാറുന്നത്
ജീവിതത്തിന്റെ വഴിത്താരകളാണ്..
മാറിമറിയുന്നത് ലക്ഷ്യത്തിലേക്കുള്ള കാതങ്ങളാണ്..
നടന്നടുക്കുന്നത് സത്യത്തിലേക്കുള്ള കാലടികൾ മാത്രമാണ്...
ശ്രീ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ