മഴ പെയ്തു തീർന്നിട്ടും
മരം പെയ്തുകൊണ്ടിരുന്നത്,
ഒന്നനങ്ങാൻ പോലും
പറ്റാതെ വേരുറച്ചു
പോയതിന്റെ
കുറ്റബോധം പേറിയാണ്...
തിരകൾ ഓരോന്നും
കരയെ തൊട്ടു പിൻവലിയുന്നത്..
മണൽതരികളോട്
വിട പറയാനാകാതെ,
കണ്ണീരുപ്പുമായിട്ടാണ്.
കത്തുന്ന പകൽസൂര്യൻ..
മരുഭൂവിന്റെ നെഞ്ചിൽ
കിളിർത്ത തളിരിലയെ
കരിച്ചുകൊണ്ട് നൽകി
ഒരു ചുടുചുംബനം...
തിളക്കുന്ന മണലിൽ..
വേരിറങ്ങിങ്ങി വളരാൻ
ഇനിയുമോരു രാത്രിമഴയെ
സ്വപ്നം കണ്ടു മയങ്ങിപ്പോയി
പാവം ഒറ്റമന്ദാരം..
കാലം.. അതിന്റെ
രഥചക്രമുരുളാൻ
പാകിവച്ച മണ് വഴികളിൽ
എത്ര തോല കണ്ണീർ ആവിയായി
പോയിട്ടുണ്ടാകണം..
വിധിയെ വെല്ലുവിളിച്ചും
കൊണ്ടശ്വമേധം നടത്തി,
ചക്രവ്യൂഹം താണ്ടിയവർക്ക്..
ഖബറിൽ സ്വർഗം
എഴുതിവച്ചിട്ടുണ്ടാകുമോ??
മഴ വരും,വെയിൽ വരും,
മണ്ണിൽ വസന്തങ്ങൾ
ആയിരം വരും..
ഓർമ പോലും
കനലായെരിയുന്ന
ആ നേരം നിൽക്കണം..
ബാക്കി വെച്ച എന്റെ
അവസാന ശ്വാസം..
മണ്ണിനുള്ളിൽ ആദ്യത്തെ
പഴുവരിക്കും മുന്നേ..
പട്ടുപുതച്ചു അന്ത്യനിദ്ര പൂണ്ട
എനിക്ക് നീ നിത്യശാന്തിയേകുമോ??
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ